കന്യാകുമാരി ജില്ലയിലെ കുഴിത്തുറക്കടുത്ത് ചിതറാല്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുച്ചാരണത്ത് മലയെക്കുറിച്ച് നമ്മുടെ സുഹൃത്ത്
"ശിവ"ഈയിടെ ഒരു പോസ്റ്റിട്ടിരുന്നത് എല്ലാപേരും വായിച്ച് കാണുമെന്ന കരുതുന്നു.ആ പോസ്റ്റുമായി കൂട്ടി വായിക്കാനാണ് ഈ പോസ്റ്റ്.
ഇന്ന് ഒരു ഹൈന്ദവ ആരാധനാകേന്ദ്രമായി തീര്‍ന്നിരിക്കുന്ന ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യഭാഗം വരെ ഒരു ജൈനകേന്ദ്രമായിരുന്നുവെന്നുള്ളതിന് അവിടെത്തന്നെ തെളിവുകളുണ്ട്. ശിലാലേഖനങ്ങളില്‍(stone inscription-കല്ലെഴുത്ത്) ഇതിന് തിരുച്ചാരണത്ത് മലയെന്ന പേര്. മലയുടെ മുകളില്‍ ഒരു വലിയ ഗുഹയുമുണ്ട്.തൂക്കായി നില്ക്കുന്ന ഒരു വമ്പിച്ച പാറ മറ്റൊരു വലിയ പാറയെ താങ്ങിനില്ക്കുന്ന നിലയിലാണ് ഇത് കാണപ്പെടുന്നത്.ഈ ഗുഹ മധ്യഭാഗത്ത് വരത്തക്ക രീതിയിലാണ് ക്ഷേത്രനിര്‍മ്മിതി.ഒരു മണ്ഡപം, ശ്രീകോവില്‍,മടപ്പള്ളി,വരാന്ത എന്നിവയാണ് ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങള്‍.പ്രധാന പ്രതിഷ്ഠ മുന്‍പറഞ്ഞ ഗുഹയിലാണ്.മധ്യത്തില്‍ മഹാവീരതീര്‍ത്ഥങ്കരന്റേയും,വലത് ഭാഗത്ത് പത്മാവതിദേവിയുടേയും,ഇടത് ഭാഗത്ത് പാര്‍ശ്വനാഥന്റേയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.ദേവാലയത്തിന്റെ വടക്ക് വശത്തുള്ള പാറയില്‍ പത്മാവതീദേവിയുടേയും, ജൈനതീര്‍ത്ഥങ്കരന്മാരുടേയും കമനീയ വിഗ്രഹങ്ങള്‍ കൊത്തിയിരിക്കുന്നു.
കൊത്ത് പണിയുടെ ചാരുത
കൊത്ത് പണിയുടെ മറ്റൊരു ചിത്രം
പ്രകൃതിരമണീയമായ ഒരു താഴ്വാരക്കാഴ്ച
ആരാധനാമൂര്‍ത്തി
ക്ഷേത്രത്തിന് അകവശത്തെ മറ്റൊരു കാഴ്ച
മേല്‍ത്തട്ടിലെ ചില കൊത്ത് പണികള്‍
കൃഷ്ണശിലയിലെ കവിതആയിരത്തോളം വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പുനരുദ്ധരിച്ചതാണ്. പ്രാചീനകാലം തൊട്ടേ തിരുച്ചാരണത്ത് മല ഭാരതത്തിലെ സുപ്രധാന ജൈന സങ്കേതങ്ങളിലൊന്നായി പ്രസിദ്ധി നേടിയിരുന്നു.ഇപ്പോള്‍ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായി തീര്‍ന്നിരിക്കുന്ന തിരുച്ചാരണത്ത് ഭഗവതി കൊല്ലവര്‍ഷം അഞ്ചാം ശതകാരംഭം വരെ “തിരുച്ചാരണത്ത് ഭട്ടാരിയാര്‍” എന്ന പേരില്‍ പ്രസിദ്ധമായിരുന്ന പത്മാവതീദേവിയാണെന്ന് അനുമാനിക്കാന്‍ വിഷമമില്ല.ക്ഷേത്രത്തിന്റെ തെക്ക് വശത്തായി പാറയില്‍ കാണപ്പെടുന്ന ഒരു ലിഖിതത്തില്‍ നിന്നും ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു ശാസനത്തില്‍ “ഭട്ടാരിയാര്‍ക്ക്”ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തിരുന്നതായി കാണിച്ചിരിക്കുന്നു.വട്ടെഴുത്തിലാണീ ശാസനം.