Sunday, November 9, 2008

ഗുഹാക്ഷേത്രം,വിഴിഞ്ഞം

ക്ഷേത്രനിര്‍മ്മാണകലയുടെ വികാസപരിണാമദശയിലെ ആദ്യത്തെ ചുവടുവയ്പാണ് പാറ തുരന്നുണ്ടാക്കിയിട്ടുള്ള ഗുഹാക്ഷേത്രങ്ങള്‍.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം ചരിത്രപ്രസിദ്ധമാണ്.കേരളത്തിലെ അതിപുരാതനമായ തുറമുഖപട്ടണം കൂടിയായിരുന്ന വിഴിഞ്ഞം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊടുങ്ങല്ലൂരിനോടൊപ്പം പ്രാമുഖ്യം നേടിയിരുന്നു.“കുലപുരി”എന്ന നാമധേയത്താല്‍ പ്രസിദ്ധി നേടിയിരുന്ന ഈ പ്രദേശത്തിന്റെ പ്രസിദ്ധി കടല്‍ കടന്ന് പോയിരുന്നു.
കടല്‍ തീരത്ത് നിന്നും വളരെയകലെയല്ലാതെ പാറ തുരന്നുണ്ടാക്കിയ ഒരു ചെറിയ ഒറ്റ മുറി മാത്രമുള്ള അസാധാരണമായ ഒരു ഗുഹാക്ഷേത്രമാണിത്.ക്ഷേത്രത്തിന് പുറത്ത് വലത് വശത്തായി കിരാതമൂര്‍ത്തി രൂപത്തിലുള്ള ശിവന്റെ രൂപം കൊത്തിയിരിക്കുന്നു.ഇടത് വശത്തായി ദുര്‍ഗ്ഗയെയും,മഹിഷാസുരനെയും കൊത്തിയിട്ടുണ്ട്. കൊത്ത് പണികളും, ശിവലിംഗം മുതലായവയുടെ അഭാവവും ഇതിനെ മറ്റ് ഗുഹാക്ഷേത്രങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നു.എ.ഡി.7- നൂറ്റാണ്ടാണിതിന്റെ കാലമെന്ന് അനുമാനിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിയില്‍ പല്ലവ സ്വാധീനം പ്രകടമാണ്. ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യയുടെ സംരക്ഷണയിന്‍ കീഴിലാണ്.
ഗുഹാക്ഷേത്രം- അടുത്ത് നിന്നുള്ള ഒരു ദൃശ്യം


ഗുഹാക്ഷേത്രത്തിന്റെ മറ്റൊരു ദൃശ്യം.
ഇനി തദ്ദേശവാസികളുടെയിടയില്‍ പ്രചരിച്ചിട്ടുള്ള ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന ഒരു മിത്തിനെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ക്ഷേത്രം ഒരു പ്രബലമായ ആരാധനാലയമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍മ്മിക്കുന്നു.(ആയ് രാജവംശത്തിന്റെ രാജധാനിയായിരുന്നു വിഴിഞ്ഞം എന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്).അഭീഷ്ടദായിനിയും,ഐശ്വര്യപ്രദാനിയുമായിരുന്ന ദേവിയായിരുന്നു ഇവിടത്തെ ആരാധനാമൂര്‍ത്തി. മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് വേണ്ട സഹായങ്ങള്‍ ദേവി ചെയ്ത് കൊടുക്കുമായിരുന്നുവത്രേ.ധനം വേണ്ടവര്‍ക്ക് ധനം നല്‍കി സഹായിക്കും. ആഭരണം വേണ്ടവര്‍ക്ക് ആഭരണം നല്‍കി സഹായിക്കും. പക്ഷെ ഇവയൊക്കെ കടമായിട്ടാണ് നല്‍കാറ്. ആവശ്യക്കാര്‍ ദേവിയുടെ തിരുനടയിലെത്തി ഒരു വാഴയുടെ തുമ്പല തറയില്‍ വച്ച് അതില്‍ പൂജാദ്രവ്യങ്ങളും മറ്റും അര്‍പ്പിച്ച് താന്താങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചതിന് ശേഷം അല്പനേരം കണ്ണടച്ച് നില്‍ക്കണം. ഏതാനും സമയം കഴിയുമ്പോള്‍ ഭക്തര്‍ ഏത് വസ്തുവിനാണോ പ്രാര്‍ത്ഥിച്ചത് ആ വസ്തു പ്രസ്തുത ഇലയില്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ദേവി പ്രസാദിച്ച് നലകുന്ന ഈ വസ്തുക്കള്‍ സ്ഥിരമായി ആര്‍ക്കും എടുക്കുവാന്‍ പാടില്ല.ആവശ്യം കഴിഞ്ഞാല്‍ തിരികെ ക്ഷേത്ര സന്നിധിയില്‍ തിരികെ എത്തിക്കണം. കര്‍ശനമായ ഒരു വ്യവസ്ഥയായിരുന്നു അത്. ഇത് ആരും തെറ്റിക്കാറില്ല. എന്നാല്‍ അത്യാഗ്രഹിയായ ഒരാള്‍ ഒരു ദിവസം കുറച്ച് ആഭരണങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചതിന് ശേഷം കണ്ണടച്ച് നില്‍ക്കുന്നതിന് പകരം, ഒരു തെങ്ങിന്റെ മുകളില്‍ കയറിയിരുന്ന് കൊണ്ട് ദേവിയുടെ പ്രവര്‍ത്തി വീക്ഷിച്ചു കൊണ്ടിരുന്നു.ആ സമയത്ത് പ്രായമായ ഒരു സ്ത്രീ ക്ഷേത്രത്തിനകത്ത് നിന്നും പുറത്തേക്ക് ഇറങ്ങി നടയില്‍ വച്ചിരുന്ന തുമ്പലയില്‍ ആഭരണങ്ങള്‍ വയ്കുന്നതായി കണ്ടു.ഇത് കണ്ട് തെങ്ങിന്‍ മുകളില്‍ ഇരുന്ന ആള്‍ “ഞാന്‍ കണ്ടേ, ഞാന്‍ കണ്ടേ എന്ന് വിളിച്ച് കൂവി”. ഇത് മനസ്സിലാക്കിയ ദേവി അയാള്‍ ആവശ്യപ്പെട്ട വസ്തുക്കള്‍ നല്‍കിയില്ല എന്ന് മാത്രമല്ല, “അയാള്‍ക്കും അയാളുടെ പിറക്കും പിറക്കും സന്തതിപരമ്പരകള്‍ക്കും, അന്ധത സംഭവിക്കട്ടെ എന്ന് ശപിക്കുക” കൂടി ചെയ്തു. ഇപ്പോഴും ശാപവചനം ഏറ്റ് വാങ്ങിയ ഒരു കുടുംബം ഈ പ്രദേശത്ത് ഉണ്ട് എന്നാണ് അറിയുന്നത്.
അടുത്ത പോസ്റ്റില്‍ പോത്തന്‍ കോട്ടെ “മടവൂര്‍പ്പാറ ഗുഹാക്ഷേത്രത്തെ” കുറിച്ച് വിവരിക്കാം.

8 comments:

  1. ഇങ്ങിനെയൊരു ഗുഹാക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. അതിന്റെ പിന്നിലൂള്ള ഐതീഹ്യങ്ങളും പറഞ്ഞതു നന്നായി

    ReplyDelete
  2. നന്നായിരിക്കുന്നു വിവരണം. ചിത്രങ്ങള്‍ സഹിതം വിവരിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹം. ആശംസകള്‍ മാഷേ.

    ReplyDelete
  3. ചിത്രങ്ങളും വിശേഷണവും നന്നായിരിക്കുന്നു.പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete
  4. മാഷെ പോസ്റ്റിന് ആശംസകള്‍...
    ഈ ക്ഷേത്രം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്...

    ReplyDelete
  5. ഈ ക്ഷേത്രത്തെ പറ്റി ആദ്യം കേള്‍ക്കുകയാണ്.എന്നെങ്കിലും ഒരിക്കല്‍ ഇവിടെ ഒക്കെ പോകാന്‍ കഴിയുമായിരിക്കും എന്നു വിശ്വസിക്കുന്നു

    ReplyDelete
  6. ഈ വിഷയത്തില്‍ താങ്കള്‍ക്കുള്ള അറിവിനുമുന്നില്‍ നമിക്കുന്നു.

    ReplyDelete
  7. ഇതൊരു പുതിയ അറിവാണ്‌, നന്ദി.

    മഠവൂര്‍‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രത്തെ കുറിച്ചു ഈയുള്ളവന്‍ ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്,
    madavoorpara.com, അതിലേക്കു കൂടുതല്‍ ചരിത, ഐതീഹ്യ അറിവുകള്‍ താങ്കളുടെ ഇനി വരുന്ന പോസ്റ്റില്‍ നിന്നും കിട്ടുമെനു പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. നന്ദി ലക്ഷ്മി,മഴത്തുള്ളി,അരുണ്‍,ചാണക്യന്‍,കാന്താരിക്കുട്ടി,അങ്കിള്‍,ശ്രീകണ്ഠകുമാര്‍ പിള്ള.എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും പെരുത്ത് നന്ദി.
    വെള്ളായണി

    ReplyDelete